പുരാണങ്ങളും ഇതിഹാസങ്ങളും മുതല്‍ ആധുനിക ജീവിതം വരെ ലൈംഗികതയുടെയും ലൈംഗികദാഹത്തിന്‍റെയും അലകള്‍ നിറഞ്ഞതാണ്. മനുഷ്യന്‍ എന്ന ജീവിയുടെ ലിംഗഭേദങ്ങളില്‍ സ്ത്രീയോടുള്ള സമീപനം മുന്‍വിധികള്‍ നിറഞ്ഞതായിരുന്നു. കാരണം പലതാണ്. പ്രത്യുല്‍പ്പാദനപരമായ അംശത്തിലുപരിയായി ലൈംഗികത ജീവിതത്തില്‍ നിറഞ്ഞപ്പോഴും സ്വന്തം കുലം, വംശം, പാരമ്പര്യം ഇവയിലെ കലര്‍പ്പ് ഒഴിവാക്കുന്നതിനായി കണ്ടെത്തിയ ഒഴിവുകഴിവു മാത്രമാണ് വേശ്യ എന്ന പദത്തിന്‍റെ ആരോപിത സ്ത്രീലിംഗസ്വഭാവം. കുടുംബം എന്ന ആദിമഘടകമെടുത്താല്‍ പുരുഷന്‍റെ വ്യഭിചാരം ആ കുടുംബത്തില്‍ കലര്‍പ്പുണ്ടാക്കുന്നില്ല. അതേ സമയം മറ്റൊരു പുരുഷന്‍റെ അധീനതയിലുള്ള കുടുംബത്തില്‍ അതിന്‍റെ പാരമ്പര്യത്തില്‍ കലര്‍പ്പുകളുണ്ടാക്കുന്നു. അത്തരം കലര്‍പ്പ് പുരുഷോന്മുഖമായ ലോകത്തിന്‍റെ അടിത്തറയിളക്കുന്നു. ബഹുഭാര്യത്വം ന്യായീകരിക്കപ്പെടുമ്പോഴും ബഹുഭര്‍തൃത്വമോ പരപുരുഷ ഗമനമോ ന്യായീകരിക്കപ്പെടാത്തതിന്‍റെ കാരണമിതാണ്. അതേ സമയം സ്ത്രീയ്ക്കു മേല്‍ക്കോയ്മയുള്ള സമൂഹങ്ങളില്‍ പരപുരുഷ ബന്ധമോ, ബഹുഭര്‍തൃത്വമോ കലാപങ്ങളുയര്‍ത്തുന്നില്ല. കാലത്തിനും ദേശത്തിനും വംശത്തിനും രീതികള്‍ക്കും അനുസരിച്ച് കാഴ്ചപ്പാടുകളും സമീപനങ്ങളും മാറി മറയുന്നു. തമിഴ്നാട്ടിലെ ഒരു ആചാരപ്രകാരം ഇളയ അമ്മാവന്‍റെ വധുവും അങ്ങനെ സംഭവിക്കുന്ന സാഹചര്യങ്ങളില്‍ ലൈംഗിക പങ്കാളിയുമാണ് സ്ത്രീ. കേരളത്തിലെ ഹിന്ദുക്കളില്‍ മുറപ്പെണ്ണ് അഥവാ മുറച്ചെറുക്കന്‍ എന്നറിയപ്പെടുന്ന കസിനുമായുള്ള ലൈഗിംക ബന്ധം വിവാഹം എന്ന ചട്ടക്കൂടിലൂടെ അനുവദനീയമാകുമ്പോള്‍ ക്രൈസ്തവ, മുസ്ലീം സമുദായങ്ങളില്‍ അത് അഗമ്യഗമനത്തിനു തുല്യമാണ്. മണിപ്പൂരിലെയും ആസ്സാമിലെയും ചില സ്ത്രീനിയന്ത്രിത സമൂഹങ്ങളില്‍ മറ്റു പല ആചാരങ്ങളും, പരിഷ്കൃത മനുഷ്യന്‍റെ വീഷണകോണില്‍ സംസ്കാരവിരുദ്ധമായ അയഞ്ഞ ലൈംഗികതയും നിലനില്‍ക്കുന്നുവെന്ന് കേട്ടിട്ടുണ്ട്. സമീപനങ്ങളും മനോഭാവങ്ങളുമെന്തായാലും ലോകത്തിലെ ഏറ്റവും പുരാതനമെന്ന് പുരുഷവീക്ഷണകോണിലൂടെ വിശേഷിപ്പിക്കപ്പെടുന്ന തൊഴിലിന് പുരുഷന്‍ വിധേയനായിട്ടുണ്ടോ? ലൈംഗികത പുരുഷോന്മുഖം മാത്രമായിരുന്നോ? തൃഷ്ണകള്‍ക്കു ലിംഗവ്യതിയാനമുണ്ടോ?
വ്യഭിചാരം ലൈംഗികതൃഷ്ണയുടെ ശമനമാണെങ്കില്‍ വേശ്യയുടെ പുല്ലിംഗത്തിന്‍റെ ചരിത്രം എന്തായിരിക്കും? നനഞ്ഞ തീജ്വാലകള്‍ക്ക് കാലദേശഭേദമുണ്ടായിരുന്നുവെന്ന് നടിക്കുന്നതിന്‍റെ കാപട്യം മാറ്റിവെച്ചു ചിന്തിച്ചാല്‍ എങ്ങനെയിരിക്കും? പുരുഷന്‍റെ ശമനം ബഹുഭാര്യത്വത്തിലൂടെയും അന്തപ്പുരങ്ങളിലൂടെയും മറ്റ് സാമ്പത്തിക അധികാര ബന്ധങ്ങളിലൂടെയും, വേശ്യാലയങ്ങളിലൂടെയോ വെപ്പാട്ടികളിലൂടെയോ ദാസികളിലൂടെയോ സാധ്യമായിരുന്ന സമയത്ത് സ്ത്രീയുട ശമം എങ്ങനെയായിരുന്നിരിക്കണം?കുടുംബം, സ്നേഹബന്ധം, മറ്റു വൈകാരിക ബന്ധങ്ങള്‍, സാമൂഹിക കീഴ്വഴക്കങ്ങള്‍ എന്നിവ മാറ്റിവെച്ചാല്‍ ശരീരശാസ്ത്രപരമായി ഇണ എന്ന പരിമിതിയില്‍ പോലും സ്ത്രീലൈംഗികത പാരമ്യത്തിലെത്തുന്നത് പുരുഷന്‍റെ ആവേശം ശമിക്കുന്ന കാലയളവിനോടനുബന്ധിച്ചാണ്. അത്തരമൊരു സാഹചര്യത്തില്‍ ശമനത്തിനു ലഭ്യമായിരുന്നവയെന്തൊക്കെയാണ്? കല്‍പ്പിത ലോകം കീബോര്‍ഡിലൊതുങ്ങുന്നതിനു മുന്‍പ് അവസരങ്ങള്‍ പരിമിതമായിരുന്നു. പലപ്പോഴും സ്വന്തം ലൈംഗികത പോലും തിരിച്ചറിയപ്പെട്ടിരുന്നില്ല. അധികാരവുമായി ബന്ധപ്പെട്ടല്ലാതെയുള്ള സാഹചര്യങ്ങളില്‍ സ്ത്രീയുടെ പരപുരുഷഗമനം കുറ്റകൃത്യമായിരുന്നു. പടിയടച്ചു പിണ്ഡം വെക്കുന്നതിനോ ഭ്രഷ്ട് കല്‍പ്പിക്കപ്പെടുന്നതിനോ മരണശിക്ഷയ്ക്കോ കാരണമാകുന്ന പൊറുക്കാനാകാത്ത തെറ്റ്. ലൈംഗിക തൃഷ്ണയുടെ ശമനം അധികാരവുമായി ബന്ധപ്പെട്ടായിരിക്കുമ്പോള്‍ കഥ മാറുന്നു. ലിപ്സ്റ്റിക് എന്ന ആധുനിക സ്ത്രീയുടെ ഒഴിച്ചുകൂടാനാകാത്ത അനുബന്ധത്തിന്‍റെ ക്രഡിറ്റ് ക്ലിയോപാട്രയ്ക്കാണ്. ക്ലിയോപാട്രയുടെ കാലശേഷം ലിപ്സ്റ്റിക്ക് ഒരു നൂറ്റാണ്ടു മുന്‍പ് വരെയെങ്കിലും ഒരു പ്രത്യേക ലൈംഗിക അഭിരുചി അല്ലെങ്കില്‍ സന്നദ്ധത വിളംബരം ചെയ്യാനായി പുരുഷലൈംഗിതയുടെ താല്‍ക്കാലിക ശമനം തൊഴിലായി സ്വീകരിച്ചവര്‍ ഉപയോഗിച്ച ചിഹ്നമായിരുന്നു. ക്ലിയോപാട്രയുടെ പരപുരുഷ ഗമനത്തിന്‍റെ കല്‍പ്പിത കഥകള്‍ വിഭ്രമാത്മകമാണ്. മറ്റേത് അധികാരസംവിധാനങ്ങളിലും സ്ത്രീയുടെ അഭിരുചികള്‍ക്കനുസരിച്ച് തിരക്കഥയ്ക്കു വ്യതിയാനം വരികയോ മാറ്റിയെഴുതപ്പെടുകയോ ചെയ്തിരുന്നു. അധികാര ബന്ധമില്ലാത്ത സ്ത്രീകള്‍ക്ക് മുന്‍പിലെ സാധ്യതകള്‍ കല്‍പ്പിതലോകത്തിനു മുന്‍പ് തുലോം പരിമിതമായിരുന്നു. ബന്ധുക്കള്‍, അയല്‍ക്കാരന്‍, ശാന്തിക്കാരന്‍, ജോലിക്കാരന്‍..... കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്ത വിചാരണയുമായി ബന്ധപ്പെടുത്തിയാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ചില കാര്യങ്ങളുണ്ട്. സ്വാതന്ത്രപ്രാപ്തിക്കു മുന്‍പ് സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ സാധിക്കുന്ന പൊതുസ്ഥലങ്ങള്‍ പരിമിതമായിരുന്നു. അമ്പലം, ഉത്സവം, വിവാഹം, അടിയന്തരം. അതില്‍ നിന്നും ലൈംഗികശമനത്തിനുള്ള സാധ്യതകള്‍ കണ്ടെത്തുന്നതിനു പരിമിതികളേറെയും. എന്നിരുന്നാലും മണിപ്രവാളങ്ങളും വെണ്‍മണികൃതികളും ഐതിഹ്യമാലയും അത്തരം ബന്ധങ്ങള്‍ വര്‍ണ്ണിക്കുകയോ വിവരിക്കുകയോ ചെയ്യുന്നുണ്ട്. (മഹാകഥകളും, ഉപകഥകളും ഇതിഹാസങ്ങളും അവിടിവിടെ സ്ത്രീലൈംഗികത പരാമര്‍ശിക്കുന്നു. രാവണന്‍റെ സഹോദരിയുടെ മുലയും സീതാപഹരണവും തമ്മിലുള്ള ബന്ധം ഉദാഹരണം) സ്ത്രീലൈംഗികതയുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള ശമനം പോലും പരപുരുഷ ബന്ധമായി, പുരുഷതൃഷ്ണയുടെ ശമനമായി മാത്രമേ സമൂഹം കണക്കായിരുന്നുള്ളൂ. പുരുഷോന്മുഖമായ ഒരു സമൂഹത്തിനു അതു കൊണ്ടു തന്നെ വേശ്യയുടെ പുല്ലിംഗം നിര്‍വചിക്കേണ്ടി വന്നില്ല.
കാലം മാറി കഥ മാറി. വിദ്യാഭ്യാസത്തിലുടെയും ജോലികളിലൂടെയും ചാനലുകളും ഇന്‍റര്‍നെറ്റും മൊബൈല്‍ഫോണും അടക്കമുള്ള സൌകര്യങ്ങളിലൂടെയും സ്ത്രീകള്‍ക്കു മുന്‍പില്‍ പുതുലോകത്തിന്‍റെ വാതായനങ്ങള്‍ തുറന്നു. സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയുള്ള സ്ത്രീകളില്‍ ചിലരെങ്കിലും സ്വന്തം സ്വത്വം കണ്ടെത്തുന്നതിനോടൊപ്പം സ്വന്തം ലൈംഗിക സ്വത്വത്തെക്കുറിച്ചും ബോധവതികളായി. ജ്ഞാന വൃദ്ധനായ ഒരു മുതിര്‍ന്ന ഡോക്ടര്‍ പറഞ്ഞത് രതിമൂര്‍ച്ഛയെക്കുറിച്ചു പോലും അറിയാതിരുന്ന സ്ത്രീകളുടെ കാലം ദശകം മുന്‍പെങ്കിലും അവസാനിച്ചുവെന്നാണ്. പുതിയ സ്ത്രീ സ്വന്തം അഭിരുചികളിലൂടെ സ്വന്തം ലൈംഗികസ്വത്വത്തെ നിര്‍വചിക്കുന്നു. പരാതികളും പരിഭവങ്ങളും ഇല്ലാത്ത വിധേയത്വത്തിനുപരിയായി ആവശ്യങ്ങളുന്നയിക്കുന്നു. തുണ്ടു പുസ്തകങ്ങളിലൂടെയും കേട്ടുകേള്‍വികളിലുമല്ലാതെ മാറിയ സ്ത്രീ ലൈംഗികത ആദ്യ ബോംബിട്ടത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു ഇന്ത്യാ ടുഡേ ലേഖനത്തിലാണ്. സ്ട്രിപ്ടീസ് ചെയ്യുന്ന പുരുഷന്‍മാരെയും അവരുടെ ഉപഭോക്താക്കളെയും കുറിച്ചുള്ള ലേഖനം. ഇന്ത്യന്‍ പുരുഷത്വത്തിന്‍റെ കുറെ ധാരണകളാണവിടെ പൊളിഞ്ഞടുങ്ങിയത്. ലൈംഗികബന്ധം തുടര്‍ന്നു പോകുന്നതിനു സ്ത്രീ ലൈംഗികക്ഷമത നിലനിര്‍ത്തണം. അമ്പതാം വയസ്സിലും സില്‍ക്ക് സ്മിതയെ പോലെയോ ശ്രീവിദ്യയെ പോലെയോ ഇരിക്കണം. ശയനേഷു വേശ്യയാകണം. അസംതൃപ്തനായ പുരുഷന് പുതിയ മേച്ചില്‍പുറങ്ങള്‍ തേടാം. മുപ്പതു വയസ്സു താണ്ടുമ്പോള്‍ കുടവയറും അവശതയും സ്വന്തമാക്കാം. സ്റ്റാമിന നഷ്ടപ്പെടുത്താം. പുരുഷന് സ്ഖലനം നടക്കുന്നതോടെ ലൈംഗികവേഴ്ച പൂര്‍ണ്ണതയിലെത്തുന്നു. സ്ത്രീക്ക് വികാരമൂര്‍ച്ഛയുടെ കാര്യമില്ല. സ്വന്തം ഭാര്യ പതിവ്രതയായിരിക്കണം. അയല്‍ക്കാരന്‍റെ ഭാര്യ തന്‍റെ പോരായ്മകള്‍ നികത്തുന്നതിന് സന്നദ്ധയായിരിക്കണം. ലൈംഗിക ബന്ധം വഴിപാടാക്കാം എന്നിങ്ങനെയൊക്കെയുള്ള പുരുഷ മനോഭാവത്തിനു മാധ്യമങ്ങളിലൂടെ ലഭിച്ച ആദ്യപ്രഹരം. തുണിയഴിച്ചാടുന്ന സ്ത്രീക്കു പകരം തുണിയഴിച്ചാടുന്ന പുരുഷന്‍ രംഗപ്രവേശം ചെയ്യുന്നു. പുരുഷ ലൈംഗികത ദൃശ്യോന്മുഖവും സ്ത്രീലൈംഗിതക സ്പര്‍ശോന്മുഖം അല്ലെങ്കില്‍ അനുഭവോന്മുഖവുമാണ് എന്ന മുന്‍ധാരണയില്‍ ഒറ്റപ്പെട്ട സംഭവങ്ങളായി പൊതുവെ പുരുഷന്‍ തള്ളിക്കളഞ്ഞ സംഭവം. പക്ഷെ ഇന്ത്യാടുഡെയുടെ ഏറ്റവും പുതിയ ലക്കം സ്ഫോടനാത്മകമായ വിവരങ്ങള്‍ നിറഞ്ഞതാണ്. വേശ്യയുടെ പുല്ലിംഗത്തിനു നിര്‍വചനം തേടുന്നതിനു മുന്‍പ് സര്‍വേ കാണാത്തവര്‍ക്കും വായിക്കാത്തവര്‍ക്കുമായി അല്‍പ്പം ചില വിവരങ്ങള്‍. സ്ത്രീലൈംഗികതയെക്കുറിച്ചുള്ള മുന്‍വിധികള്‍ ചുമക്കുന്നവരെ ഞെട്ടിക്കുന്ന കണക്കുകള്‍. ആദ്യലേഖനം വന്നതു മുതല്‍ ഇന്നുവരെയുള്ള പതിനഞ്ചോളം വര്‍ഷങ്ങളില്‍ വന്ന മാറ്റങ്ങള്‍. കൌമാരത്തിനു മുന്‍പ് ആരംഭിക്കുന്ന ലൈംഗികത, അവിഹിത ബന്ധങ്ങള്‍, സ്വവര്‍ഗ്ഗരതി, പണം കൊടുത്തോ സ്വീകരിച്ചോ ഉള്ള രതി, ലൈംഗിക പരീക്ഷണങ്ങള്‍, നപുംസകങ്ങളുമായുള്ള ബന്ധം, റോള്‍പ്ലേ, ലൈംഗികവൈകൃതങ്ങള്‍ ഇവയെക്കുറിച്ച് സംസാരിക്കുന്നതിനു വിമുഖത കാട്ടിയിരുന്നവര്‍ പഴങ്കഥയായിരിക്കുന്നു. പാശ്ചാത്യനാടുകളില്‍ വേരോടുകയും ഇന്ത്യയില്‍ അത്രയൊന്നും പ്രകടമാകാതിരിക്കുകയും ചെയ്തിരുന്ന സാഡോമസോക്കിസം, ബോണ്ടേജ് അഥവാ ബിഡിഎസ്എം ഇവയോടുള്ള ആഭിമുഖ്യം പോലും സര്‍വ്വേകളില്‍ വെളിപ്പെടുന്നു. സ്ത്രീകളുടെ ലൈംഗിക പങ്കാളിയെക്കുറിച്ചുള്ള ഭാവനകളില്‍ സെലിബ്രിറ്റികള്‍ സ്ഥാനം പിടിക്കുന്നു. ഭാവനകളുടെ ലസാഗു സിക്സ് പായ്ക്കോ അതിനോടൊത്ത ശരീരമോ ആണ്. സല്‍മാന്‍ഖാന്‍, ഷാരൂഖ് ഖാന്‍, ധോണി എന്നിവര്‍ ആദ്യമൂന്നു സ്ഥാനത്ത് നില്‍ക്കുന്നു. സെക്സ് ടോയ്കളുടെ ഡിമാന്‍റ് അനുദിനം വര്‍ദ്ധിക്കുന്നു. രതിയുടെ പുതിയ അഭിരുചികളുടെ വിദ്യാഭ്യാസം പ്രധാനമായും നടക്കുന്നത് ഇന്‍റര്‍നെറ്റിന്‍റെ കല്‍പ്പിത ലോകത്താണ്. മുഖമില്ലാത്ത സംഭാഷണങ്ങളില്‍ വെളിപ്പെട്ടവ, അധികം താമസിക്കാതെ മുഖത്തോടെ പുറത്തു വരുന്നു. സിനിമാതാരങ്ങളൊഴികെ കുടുംബിനികളുടെ അല്‍പ്പവസ്ത്രധാരണമോ നഗ്നതയോ സദാചാരവിസ്ഫോടനങ്ങള്‍ സൃഷ്ടിച്ചിരുന്നതില്‍ നിന്നും വ്യത്യസ്തമായി സ്വയം തുറന്നുകാട്ടുന്നവരുടെയും സ്വന്തം ലൈംഗികാകര്‍ഷണത്തെക്കുറിച്ചു മറ്റുള്ളവരുടെ അഭിപ്രായമറിയാനാഗ്രഹിക്കുന്നവരുടെയം എണ്ണം അനുദിനം വര്‍ദ്ധിക്കുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പ് നഗ്നത പോസ്റ്റു ചെയ്തിരുന്നവര്‍ അമുഖരായിരുന്നെങ്കില്‍ ഇന്ന് പരസ്യചിത്രത്തിനു പോസ് ചെയ്യുന്നതു പോലെയാണ് നഗ്നത പ്രചരിക്കുന്നത്. സ്വയം നഗ്നത വെളിപ്പെടുത്തുന്നവര്‍ ന്യൂനപക്ഷമായിരുന്ന കാലം പോയിമറഞ്ഞു. പുറത്തുവരുന്ന ചിത്രങ്ങളില്‍ ചതിയില്‍ പെടുകയോ നിര്‍ബന്ധിക്കപ്പെടുകയോ ചെയ്യപ്പെടുന്ന മുഖഭാവങ്ങള്‍ക്കു പകരം ആസ്വദിക്കുകയും ആത്മനിര്‍വൃതിയടയുകയും ചെയ്യുന്ന മുഖഭാവങ്ങള്‍ക്കു ഭൂരിപക്ഷം ലഭിക്കുന്നു. ജീവിതവും ബദല്‍ജീവിതവുമുണ്ടാകുന്നു.
തിരികെ വേശ്യയുടെ പുല്ലിംഗത്തിലേക്ക്. ചാറ്റ് റൂമുകളിലെല്ലാം ലൈംഗിക സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നവര്‍ ലഭ്യമാണെങ്കിലും പുരുഷനെ തേടുന്ന പരിചയ സമ്പന്നര്‍ക്ക് വഴികളേറെയാണ്. വിവിധ നെറ്റ്വര്‍ക്കുകളിലൂടെ ബന്ധങ്ങളിലൂടെ വിനിമയം നടക്കുന്നു. വേശ്യയെന്ന പഴയ സങ്കല്‍പ്പം അന്തിക്ക് മുല്ലപ്പൂവും ചൂടി നിരത്തിലിറങ്ങുന്നവളെന്നതില്‍ നിന്നും കണ്ടാലറിയാത്തതോ ഊഹിക്കാന്‍ പോലും സാധിക്കാത്തതുമോ ആയ രൂപഭാവങ്ങളിലേക്ക്, പ്രൊഫഷണലുകളും, വിദ്യാര്‍ത്ഥികളും താരങ്ങളും വീട്ടമ്മമാരും അടക്കമുള്ള ഭാവങ്ങളിലേക്ക് വളര്‍ന്നതു പോലെ ഒന്ന് വേശ്യയുടെ പുല്ലിംഗത്തില്‍ സംഭവിക്കുന്നില്ല. തുടക്കം മുതല്‍ തന്നെ മസിലുള്ളവനും അപകടകരമല്ലാത്ത പ്രൊഫഷണല്‍ ജോലി ചെയ്യുന്നവനും മേല്‍ക്കോയ്മ നല്‍കപ്പെട്ട ഒന്നാണ് പുരുഷവേശ്യ. സ്ത്രീവേശ്യയുടെ ആവശ്യക്കാരില്‍ രണ്ടക്കം ത്രാണിയുള്ളവരും ആറക്കം ത്രാണിയുള്ളവരും ഉള്‍പ്പെടുമ്പോള്‍ പുരുഷവേശ്യയുടെ ആവശ്യക്കാര്‍ താല്‍ക്കാലികമായെങ്കിലും അഞ്ചക്കമെങ്കിലും ത്രാണിയുള്ളവരും സമ്മാനങ്ങള്‍ നല്‍കാന്‍ പ്രാപ്തിയുള്ളവരും സ്വന്തം സ്ഥലമൊരുക്കാന്‍ കഴിവുള്ളവരും മാത്രമാണ്. മിക്കവാറും 22നും 25നും ഇടയ്ക്ക് പ്രായമുള്ള അവിവാഹിതരായ പ്രൊഫഷണലുകള്‍. സോഫ്റ്റ്വെയര്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവന്‍ അല്ലെങ്കില്‍ ജോലിക്ക് അപകടകരമായതൊന്നും ചെയ്യാന്‍ സാധ്യതയില്ലാത്തവന്‍. കാഴ്ചയില്‍ ഹിന്ദി സിനിമാതാരങ്ങളെ പോലെയുള്ളവന്‍. ഫാഷനെബിള്‍. ചെറുപ്പം തിളയ്ക്കുന്നവന്‍. വാരാന്ത്യ അവധിദിനങ്ങളില്‍ ആറക്കം സമ്പാദിക്കുന്നവരുമുണ്ടെന്ന് കേള്‍ക്കുന്നു.
വേശ്യയുടെ പുല്ലിംഗത്തിന്‍റെ വിപണി രൂപപ്പെട്ടതിന്‍റെ അടിസ്ഥാന കാരണം നിറവേറപ്പെടാത്ത അഭിനിവേശങ്ങള്‍ നിറവേറ്റപ്പെടുന്നതിന് വൈകാരികസമ്മര്‍ദ്ദമില്ലാത്ത വഴി തുറന്നുവെന്നതാണ്. അവിഹിത ബന്ധങ്ങളുടെ വൈകാരികസമ്മര്‍ദ്ദങ്ങളില്ലാത്ത വഴി. പുരുഷ വേശ്യകളുടെ ഉപയോഗം കാരണം കുടുംബമോ, ബന്ധങ്ങളോ, സമൂഹത്തിലെ സ്ഥാനമോ അപകടത്തിലാകുന്നില്ല. ലൈംഗികമായ തൃപ്തി എന്ന ഉഭയസ്വഭാവമുള്ള ആവശ്യത്തിന് പ്രതിഫലത്തിന്‍റെ ഉറപ്പ്. വൈകാരികസമ്മര്‍ദ്ദങ്ങളെ പണം മറികടക്കുമ്പോള്‍ പുതിയ സ്ത്രീ (കുറഞ്ഞത് തല്‍ക്കാലത്തേക്കെങ്കിലും ആറക്കം വരുമാനമുള്ള മെട്രോ സ്ത്രീ) വേശ്യയുടെ പുല്ലിംഗത്തിനു വഴിയൊരുക്കുന്നു. സ്വന്തം ലൈഗികതയെ ആധുനിക സ്ത്രീ പുനര്‍നിര്‍വചിക്കുമ്പോള്‍ വേശ്യയുടെ പുല്ലിംഗം അടക്കം പുതിയ ലൈംഗിക നിര്‍വചനങ്ങള്‍ ആവശ്യമായി വരുന്നു!

വേശ്യയുടെ പുല്ലിംഗം